കഴിഞ്ഞ ദിവസം ജോസി സ്റ്റാർസും പാർ റോക്സും തമ്മിൽ നടന്ന മത്സരത്തിനിടയിലുമുണ്ടായി, രസകരമായൊരു നിമിഷം. നാൽപ്പതാം വയസ്സിലും സ്ഫോടനാത്മക ബാറ്റിങ്ങുമായി കുട്ടി ക്രിക്കറ്റിലെ സൂപ്പർതാരമായ വിൻഡീസ് താരം ക്രിസ് ഗെയ്‍ലാണ് ഇക്കുറി ആരാധകർക്ക് ചിരിക്കാനുള്ള വകയൊരുക്കിയത്.
ജോസി സ്റ്റാർസ് താരമായ ഗെയ്‌ലാണ് മത്സരത്തിൽ ടീമിനായി ബോളിങ് ഓപ്പൺ ചെയ്തത്. ആദ്യം ബാറ്റു ചെയ്ത ജോസി സ്റ്റാർസ് 129 റൺസാണെടുത്തത്. ഗെയ്‌ലിനു നേടാനായത് ഒരു റൺ മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാർ റോക്സിനെതിരെ ബോളിങ് ഓപ്പണർ ചെയ്തതും ഗെയ്ൽ തന്നെ. ഗെയ്‌ലിന്റെ അവസാന പന്ത് പാർ റോക്സ് താരം ഹെൻറി ഡേവിഡ്സിന്റെ പാഡിലിടിച്ചതോടെ ഗെയ്‌ൽ എൽബിക്കായി അപ്പീൽ ചെയ്തു. ദീർഘനേരം അപ്പീൽ ചെയ്ത ഗെയ്‌ൽ, ഒടുവിൽ കൊച്ചുകുട്ടി കരയുന്നതിനു സമാനമായ മുഖഭാവത്തോടെയും അപ്പീൽ തുടർന്നു.
എന്നാൽ അംപയർ നോട്ടൗട്ട് തീരുമാനത്തിൽനിന്ന് പിൻമാറിയില്ലെന്ന് മാത്രമല്ല, ഗെയ്‌ലിന്റെ മുഖഭാവം കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. മത്സരത്തിൽ ഈ ഒരു ഓവർ മാത്രമേ ഗെയ്‍ൽ എറിഞ്ഞുള്ളൂ. വിട്ടുകൊടുത്തത് അഞ്ചു റണ്‍സും. മത്സരം ഗെയ്‍ലിന്റെ ടീമായ ജോസി സ്റ്റാർസ് നാലു വിക്കറ്റിന് തോറ്റു.
.@henrygayle makes a 'cry-baby' face after umpire says 'no' #MSL #MSL2019 @msljozistars pic.twitter.com/i01oPD5nsv
— CricTracker (@Cricketracker) November 23, 2019